ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പിന്മാറി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. വിവാദമായതിനെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്നാണ് നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു.
നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം, ക്ഷേത്രപ്രവേശന വിളംബര വാർഷികം എന്നിവ പ്രമാണിച്ച് ഇന്ന് നടത്തുന്ന ചടങ്ങിൽ ഭദ്രദീപം തെളിയിക്കാൻ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായി എന്നിവരെയാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്പാർച്ചന മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.