India News

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിൽ നിന്ന് 12.5 കോടി തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.

ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിൽ നിന്ന് 12.5 കോടി തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ​ഗുജറാത്ത് സ്വദേശികളാണ്. നവംബറിലാണ് ക്രെഡ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. ആക്‌സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോര്‍പറേറ്റ് അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് നടന്നത്.

ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ ഐഡിയിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി. പരിശോധനയിൽ പ്രധാന അക്കൗണ്ടിൽ നിന്ന് 12.5 കോടി രൂപ ഗുജറാത്തിലേയും രാജസ്ഥാനിലേയും 17 ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തി. ആക്സിസ് ബാങ്ക് റിലേഷൻ ഷിപ്പ് മാനേജരായ വൈഭവ് പിട്ടാഡിയയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തി. ക്രെഡിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് മനസ്സിലാക്കിയ വൈഭവ്, അക്കൗണ്ടുകളുടെ യൂസര്‍ നെയിമും പാസ്‌വേഡും ലഭിക്കാനായി ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തായ നേഹ ബെന്നിനെ ഉപയോ​ഗിച്ചു. ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി നേഹയെ മാനേജരെന്ന് വേഷം കെട്ടിച്ചാണ് യൂസർ നെയിമും പാസ്വേഡും സ്വന്തമാക്കിയത്.

ഗുജറാത്തിലെ അങ്കലേശ്വര്‍ ശാഖയില്‍ വ്യാജമായുണ്ടാക്കിയ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് രേഖയോടൊപ്പം യൂസര്‍ നെയിമും പാസ് വേഡും നഷ്ടപ്പെട്ടെന്നും പുതിയത് നല്‍കണമെന്നും അപേക്ഷ നൽകിയാണ് രേഖകൾ സ്വന്തമാക്കിയത്. തുടർന്ന് ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍നിന്ന് ചെറിയ തുകകളായി സബ് അക്കൗണ്ടിലേക്ക് പണം മാറ്റി പിന്നീട്, മറ്റ് അക്കൗണ്ടുകളിലേക്കും പണം മാറ്റി. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ബെംഗളൂരു പോലീസ് നേഹയെ ആദ്യം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ വൈഭവ് പിട്ടാഡിയയാണ് ഇതിന്റെ സൂത്രധാരനെന്ന് നേഹ വെളിപ്പെടുത്തി.

Related Posts

Leave a Reply