Kerala News

ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന ആരോപണത്തിൽ ഓഡിയോ സന്ദേശം പുറത്ത്.

തൃശൂർ: പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന ആരോപണത്തിൽ ഓഡിയോ സന്ദേശം പുറത്ത്. ആരോപണവിധേയനായ എസ്‌ഐയും പള്ളി കമ്മിറ്റി അംഗങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്.

മേലുദ്യോഗസ്ഥർക്കാണ് എസ് ഐ വിജിത്ത് ഓഡിയോ സന്ദേശം കൈമാറിയത്. പള്ളികമ്മിറ്റിക്കാർ ആരോപിച്ച പ്രകാരം മൈക്കും സാമഗ്രികളും തൂക്കിയെടുക്കുമെന്ന ഭാഗം ഓഡിയോയിൽ ഇല്ല. യാതൊരു തരത്തിലും എസ്‌ഐ ഭീഷണിപ്പെടുത്തുന്നതും ഇല്ല. പകരം സൗമ്യമായി കാര്യങ്ങൾ പറഞ്ഞുമനസിലാക്കുകയും നിയമവഴികൾ ഏതെന്ന് ബോധ്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അക്ഷയ സെന്റർ വഴി അനുമതി വാങ്ങണമെന്നും മറ്റും എസ്‌ഐ പറയുമ്പോൾ പള്ളികമ്മിറ്റിക്കാർ തന്നെ തങ്ങളത് വാങ്ങിയിട്ടില്ലെന്ന് പറയുന്നുണ്ട്.

കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല എന്നും കരോൾ പാടിയാൽ മൈക്കും സാമഗ്രികളും തൂക്കിയെടുത്ത് എറിയുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു പള്ളികമ്മിറ്റിക്കാരുടെ ആരോപണം. സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം. കരോൾ മുടങ്ങിയതോടെ കമ്മിറ്റിക്കാർ സുരേഷ് ഗോപി എംപിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. എസ്‌ഐക്ക് ഫോൺ കൊടുക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ സംസാരിക്കാൻ തയ്യാറായില്ല എന്നും ആരോപണം ഉയർന്നിരുന്നു.

Related Posts

Leave a Reply