Kerala News

ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ച; സർക്കാർശമ്പളംപറ്റി ട്യൂഷനെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ ട്യൂഷൻ സെന്ററുകളിലും, ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും പഠിപ്പിക്കുന്ന സർക്കാർ അധ്യാപരുടെ വിവരങ്ങൾ ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നാളെ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും. ഇത്തരം അധ്യാപകർക്കുള്ള നടപടികളും യോഗം ചർച്ച ചെയ്യും. ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ എവിടെയാണ് സുരക്ഷ വീഴ്ച സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും.സർക്കാർശമ്പളംപറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ എഇഒ ഡിഇഒ മാർക്ക് നിർദേശംനൽകുമെന്ന് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് എം എസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു.

പരീക്ഷയുടെ ചോദ്യങ്ങൾ അതേപടിയായിരുന്നു യൂട്യൂബ് ചാനലിൽ വന്നത്. ചോദ്യങ്ങൾ എങ്ങനെ ചോർന്നു എന്നതിൽ വ്യക്തതയില്ല. വിഷയത്തിൽ കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ഇനിയും സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്‌യു അറിയിച്ചിരുന്നു.

Related Posts

Leave a Reply