Kerala News

കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഡറുടെ വിശ്വസ്തനും; മഹേശ്വരൻ നായർ ബിജെപിയിൽ

തിരുവനന്തപുരം: കെ. കരുണാകരന്റെ മകൾ പദ്മജയ്‌ക്ക് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറി ലീഡറുടെ വിശ്വസ്തൻ മഹേശ്വരൻ നായർ. തിരുവനന്തപുരം നഗരസഭാ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന നേതാവാണ് മഹേശ്വരൻ നായർ. സംസ്ഥാനം ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങവേ കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് മഹേശ്വരൻ നായരുടെ രാഷ്‌ട്രീയ മാറ്റം. തിരുവനന്തപുരത്തുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യലയത്തിൽ വച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിലാണ് മഹേശ്വരൻ നായരെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

” തിരുവനന്തപുരം നഗരത്തിന് ഇപ്പോൾ മികച്ച ഒരു മാസ്റ്റർ പ്ലാൻ ആവശ്യമാണ്. എന്നാൽ അത് നടപ്പിലാക്കാൻ ഇപ്പോഴുള്ള നഗരസഭയ്‌ക്കോ സർക്കാരിനോ സാധിച്ചിട്ടില്ല. 20 വർഷമായി തിരുവനന്തപുരത്തിന്റെ വികസനങ്ങൾക്കായി ഞാൻ ശബ്ദിക്കുന്നു. എന്നാൽ വികസനങ്ങളും മാറ്റങ്ങളും കേരളത്തിൽ കൊണ്ടു വരാൻ ആഗ്രഹമില്ലാത്ത തരത്തിലുള്ള ഭരണമാണ് ഇവിടെ നടക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ തലസ്ഥാന നഗരം ഉയരണം. അതിനായി പുതിയ ഭരണം കേരളത്തിന് ഇപ്പോൾ ആവശ്യമുണ്ട്.”- മഹേശ്വരൻ നായർ പറഞ്ഞു. കൃത്യമായ വികസന കാഴ്ചപ്പാടാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്. കേവലം തെരെഞ്ഞെടുപ്പ് സമയത്ത് നേതാക്കൾ നൽകുന്ന വാഗ്ദാനങ്ങൾ പോലെയല്ല. നടപ്പിലാക്കുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളും കൃത്യമായ ഒരു മാസ്റ്റർ പ്ലാനുമാണ് അദ്ദേഹത്തിനുള്ളതെന്നും മഹേശ്വരൻ നായർ പറഞ്ഞു. കേരളത്തിന് മാറ്റങ്ങൾ അനിവാര്യമാണ് അതിനായി പുതിയ ഭരണം വരണമെന്നുണ്ടെന്നും ഇതുകൊണ്ടാണ് ബിജെപിയിലേക്ക് വരാൻ താൻ സന്നദ്ധനായതെന്നും അദ്ദേഹം വ്യക്തമാക്കി. കെ. കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു. ഇതിനുപിന്നാലെ കോൺഗ്രസിലെ വർഷങ്ങളായുള്ള ബന്ധം വിട്ട് കായിക താരം കൂടിയായ പദ്മിനി തോമസും തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും ബിജെപിയിൽ ചേർന്നിരുന്നു.

Related Posts

Leave a Reply