തിരുവനന്തപുരം: കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പൂങ്കുളം പാലപ്പൂര്‍ വട്ടവിള വീട്ടിൽ രാഹുൽ (19) ആണ് അറസ്റ്റിലായത്. പൂങ്കുളം കൈലിപ്പാറ സ്വദേശിയായ ഉല്ലാസി(30) നെ ആക്രമിച്ച് ചെവിക്കും കൈയ്ക്കും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. നേരത്തെ ഉല്ലാസിന്റെ വീടിനടുത്ത് ലഹരി വില്പന സംഘം പരസ്പരം അടിപിടി നടത്തുകയും അവരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യത്തെ തുടർന്നാണ് സംഘം ഉല്ലാസിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം സംഘം ഒളിവിൽ കഴിയവെ ഇന്നലെയാണ് പ്രതിയെ കോവളം സി.ഐ. ബിജോയിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ ആക്രമണ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എറണാകുളം നോർത്തിലുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമയായ ബെൻജോയ്, സുഹൃത്ത് ഷൈജു എന്നിവർ ചേർന്നാണ് ഇന്നലെ രാത്രി യുവതിയെ മർദ്ദിച്ചത്. ലോഡ്ജിൽ താമസിക്കാൻ എത്തിയ യുവതിക്ക് നേരെയാണ് മർദ്ദനമുണ്ടായത്. വാഗ്വാദം, മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ഹോട്ടലിൽ നടന്ന വാക്ക് തർക്കത്തിനിടെ ഉടമ മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതികളെ നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.