കോവളം: ആഴാകുളം തൊഴിച്ചലിനടുത്ത് വാടവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളായ മാർട്ടിനും സൂസനെയും കാണാൻ എത്തിയ ഗോർജ് കാളിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻ ദമ്പതികൾ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്. ഇവരെ കാണുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഇവിടെ എത്തിയത്.
സുഹ്യത്ത് വരുന്നുണ്ടെന്ന കാര്യം വീട്ടുടമയെ ദമ്പതികൾ ഫോണിൽ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് വെളളിയാഴ്ച വൈകിട്ടായിട്ടും ആളെ പുറത്തു കണ്ടിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഹാളിലെ കിടക്കയിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
കോവളം പൊലീസെത്തിയാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടറെ വരുത്തി പരിശോധന നടത്തിയത്. ആൾ മരിച്ചതായി ഡോക്ടർ അറിയിച്ചു. നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയെന്ന് എസ്.എച്ച്. ഒ. വി. ജയപ്രകാശ് അറിയിച്ചു. ശ്രീലങ്കയിൽ പോയിരിക്കുന്ന സുഹ്യത്തുക്കൾ എത്തിയതിനുശേഷമാകും പോസ്റ്റുമാർട്ടം അടക്കമുളളവ ചെയ്യുക എന്ന് എസ്.എച്ച്. ഒ. അറിയിച്ചു.