Kerala News

കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെ എന്‍സിപിയില്‍ പ്രതിസന്ധി

കൊച്ചി: കൂറുമാറുന്നതിനായി എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെ എന്‍സിപിയില്‍ പ്രതിസന്ധി. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കായുടെ മൗനത്തില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തി. മന്ത്രിമാറ്റത്തില്‍ ഉത്സാഹം കാണിക്കുന്ന പി സി ചാക്കോ കോഴ വാഗ്ദാനം അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്നാണ് വിമര്‍ശനം. എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ കോഴ വാഗ്ദാനം ചര്‍ച്ചയായി.

 

അതേസമയം പി സി ചാക്കോ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് വിവരമുണ്ട്. ഇന്നലെ അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പാര്‍ട്ടിയിലെ ശശീന്ദ്രന്‍ പക്ഷം ഈ വിഷയത്തില്‍ സൂക്ഷിച്ചാണ് ചുവടുവയ്ക്കുന്നത്. തോമസ് കെ തോമസും ആന്റണി രാജുവും തമ്മിലുള്ള നേര്‍ക്കുനേര്‍ യുദ്ധത്തില്‍ ഇടയ്ക്ക് നില്‍ക്കേണ്ടതില്ല എന്നതാണ് ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്. തോമസ് കെ തോമസ് അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും.

കൂറുമാറാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനുമാണ് പണം വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. കേരളത്തിനായി അജിത് പവാര്‍ പക്ഷം 250 കോടി മാറ്റിവെച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള പ്രവേശം മുഖ്യമന്ത്രി തടയുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

ആരോപണം തള്ളി തോമസ് കെ തോമസ് രംഗത്തെത്തിയിരുന്നു. ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട തോമസ് കെ തോമസ്, കുട്ടനാട് സീറ്റ് പിടിച്ചെടുക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണെന്നും മന്ത്രിസ്ഥാന ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.

തെറ്റിദ്ധരിപ്പിച്ചാല്‍ വീഴുന്ന ആളല്ല മുഖ്യമന്ത്രിയെന്നായിരുന്നു ഇതിന് ആന്റണി രാജുവിന്റെ മറുപടി. പണം വാഗ്ദാനം ചെയ്ത കാര്യം താന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നും ആന്റണി രാജു പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍ രംഗത്തെത്തിയത്. തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞിരുന്നു.

Related Posts

Leave a Reply