കോഴിക്കോട് : കോഴിക്കോട് മണി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ച തുകയില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും കള്ളനോട്ടുകളും പിടിച്ചെടുത്തു. സ്ഥാപന ഉടമയാണ് കള്ളനോട്ട് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയത്. കൊടുവള്ളി സ്റ്റേഷന് പരിധിയിലെ നരിക്കുനിയിലെ ഐ ക്യു മൊബൈല്‍ ഹബ് എന്ന കടയില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനായി യുവതി കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകളില്‍ 14 എണ്ണമാണ് കള്ളനോട്ടാണെന്ന് കടയുടമയ്ക്ക് മനസിലായത്. യാസിര്‍ ഹുസൈന് എന്ന ആളുടെ അക്കൗണ്ടിലേക്ക് അയ്ക്കാന്‍ വേണ്ടി മുര്‍ഷിദ് എന്ന യുവാവിന്റെ കൈവശമാണ് ഹുസ്ന എന്ന യുവതി പണം കൊടുത്തുവിട്ടത്.
പണവുമായി എത്തിയ മുര്‍ഷിദ് പോയ ശേഷമാണ് ഒറിജിനല്‍ നോട്ടുകള്‍ക്കിടയില്‍ വ്യാജനോട്ടുകളുണ്ടെന്ന് കടയുടമയ്ക്ക് മനസിലായത്. തനിക്ക് ലഭിച്ച തുകയില്‍ കള്ളനോട്ടുകളുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ സംഘം തുക തിരികെ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. താമരശ്ശേരി സ്വദേശികളായ മുര്‍ഷിദ്, മുഹമ്മദ് ഇയാസ് കൊടുവള്ളി സ്വദേശിയായ മുഹമ്മദ് ഷഫീഖ് മണ്ണാര്‍ക്കാട് സ്വദേശി ഹുസ്ന എന്നിവരാണ് അറസ്റ്റിലായത്. കള്ളനോട്ട് സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഉര്‍ജ്ജിതമാണെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.