പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ചു. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ് ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിസ്ത്രം ഉപയോഗിച്ച് കെട്ടിയത് നിമിത്തം കുട്ടിയുടെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. കുട്ടി കഴിഞ്ഞ നാല് മാസമായി കോഴിക്കോട് മെഡിക്കൽ കോളജ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചയാണ് മരിക്കുന്നത്. പുതുപ്പാടി സ്വദേശികളായ ഗിരീഷ് ബിന്ദു ദമ്പതികളുടെ നവജാത ശിശുവാണ് ചികിത്സാ പിഴവ് എന്ന പരാതി നിലനിൽക്കെ മരിച്ചത്.
കഴിഞ്ഞ ഡിസംബർ 13 ന് രാത്രിയാണ് പുതുപ്പാടി സ്വദേശിയായ ബിന്ദുവിനെ പ്രസവ വേദനയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഗൈനക്കോളജി ഡോക്ടർ ഇല്ലെന്ന കാരണത്താൽ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി. എന്നാൽ വേണ്ടത്ര ചികിത്സ നൽകാതെ അടിവസ്ത്രം ഉപയോഗിച്ച് കുഞ്ഞു പുറത്തേക്ക് വരാതെ കെട്ടി എന്നും ആരോപണമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവം നടന്നെങ്കിലും കുട്ടിയുടെ തലയ്ക്ക് ക്ഷതം ഏൽക്കുകയായിരുന്നു. തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
താമരശ്ശേരി പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. 24 വാർത്തയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. എന്നാൽ ഇതുവരെയും തുടർനടപടികൾ ഉണ്ടായിട്ടില്ല.