കോഴിക്കോട്: അച്ഛന്‍റെയും രണ്ട് പെണ്‍കുട്ടികളുടെ മരണത്തിന്‍റെ ഞെട്ടലിലാണ് കോഴിക്കോട് പയ്യോളി അയനിക്കാട്ടെ നാട്ടുകാരും അയല്‍ക്കാരും.സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തില്‍ ഇത്തരമൊരു ദുരന്തമുണ്ടാകുമെന്ന് അയല്‍ക്കാരോ നാട്ടുകാരോ കരുതിയിരുന്നില്ല. ഇന്ന് രാവിലെയാണ് കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അയനിക്കാട് സ്വദേശി സുമേഷിനെ വീടിന് സമീപം ട്രെയിന്‍ തട്ടിയ നിലയിലും മക്കളായ ജ്യോതിക, ഗോപിക എന്നിവരെ വീടിനകത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പ് കുട്ടികളുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
രാവിലെ എട്ടു മണിയോടെയാണ് അയനിക്കാട് കുറ്റിയല്‍ പീടികക്ക് സമീപം പുതിയോട്ടില്‍ സുമേഷിനെ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടം ബന്ധുക്കളെ ധരിപ്പിക്കാനായി നാട്ടുകാര്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. വീട്ടില്‍ കൂടുതല്‍ പരിശോധകള്‍ നടത്തിയപ്പോള്‍ രണ്ട് പെണ്‍കുട്ടികളെ മുറിയില്‍ അടുത്തടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതാണ് കുട്ടികളുടെ മരണകാരണമെന്നാണ് നിഗമനം.ജ്യോതിക പത്തിലും ഗോപിക എട്ടാം തരം വിദ്യാര്‍ത്ഥിയുമാണ്.
രണ്ട് വര്‍ഷം മുമ്പ് ഇവരുടെ അമ്മ കോവിഡ് വന്ന് മരിച്ചിരുന്നു. അച്ഛനും മക്കളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഭാര്യ മരിച്ചതിന് പിന്നാലെയുള്ള മാനസിക പ്രയാസങ്ങളും മറ്റുമാണ് ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പയ്യോളി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് വിഭാഗവും വിശദ പരിശോധനകള്‍ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
