Kerala News Top News

കോഴിക്കോട് നിപ സ്ഥിരീകരിച്ചു ; രണ്ട് മരണങ്ങളും നിപ മൂലം

സംസ്ഥാനത്ത നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സ്രവ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. സ്ഥിരീകരണം പുറത്തുവന്നോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചു. ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാള്‍ മരിച്ചത്. ഇന്നലെയാണ് മറ്റൊരു മരണവും സ്ഥിരീകരിച്ചത്. 49,40 എന്നീ വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്. മരിച്ച രണ്ട് പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 75 പേരുടെ പേരുവിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. മരിച്ച ഒരാളുടെ ഒന്‍പത് വയസുള്ള കുട്ടി അടക്കം ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിഞ്ഞുവരികയാണ്. കനത്ത ജാഗ്രത നിലനില്‍ക്കുന്ന കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് കോഴിക്കോട് ഇപ്പോള്‍ നിപ ബാധിച്ചവര്‍ക്കുണ്ടായിരുന്നത്. അതിനാല്‍ തന്നെ കോഴിക്കോട് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇനി നാലുപേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി പുറത്തെത്താനുണ്ട്. കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Posts

Leave a Reply