Kerala News

കോഴിക്കോട് തിരുവമ്പാടിയിൽ 14 കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ പ്രതി മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതി

തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയിൽ 14 കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ പ്രതി മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.  ഇടുക്കി പീരുമേട് സ്വദേശി അജയ് ആണ് കഴിഞ്ഞ ദിവസം റിമാൻഡിലായത്. ബൈക്ക് മോഷണത്തിന് പേരു കേട്ടയാളാണ് അജയ് എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് ജില്ലയിലടക്കം പല സ്റ്റേഷനിലും അജയ്ക്കെതിരെ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകുന്നതിന് 5 ദിവസം മുമ്പും അജയ് ഒരു ബൈക്ക് മോഷ്ടിച്ചതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ഒക്ടോബർ അഞ്ചിനാണ് ഒപ്പന പഠിക്കാനെന്ന് പറഞ്ഞ് പതിനാലുകാരി വീടു വിട്ടിറങ്ങിയത്. പിന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ മുക്കം പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് അന്വേഷണത്തിൽ രണ്ട് ദിവസം മുമ്പ് പെൺകുട്ടിയെ കോയമ്പത്തൂരിൽ വച്ച് കണ്ടെത്തിയിരുന്നു.

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ അജയ്ക്കൊപ്പമായിരുന്നു പെൺകുട്ടി ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ സഹോദരന്‍റെ സുഹൃത്തായ അജയെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണക്കേസ് അടക്കം കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് 5 ദിവസം മുമ്പ് ഓമശ്ശേരി വേനപ്പാറയിൽ നിന്നും സെപ്തംബർ 30ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. സിസിടിവി പരിശോധിച്ചതിൽ നിന്ന് അജയ് ആണത് പിന്നിലെന്ന് വ്യക്തമായി. അന്വേഷണത്തിൽ നോർത്ത് കാരശ്ശേരിയി നിന്നും പൊലീസ് ബൈക്ക് കണ്ടെടുത്തു.

അജയ് പതിനാലുകാരിയെ പരിചയപ്പെട്ടതും വലിയ കഥയാണ്. പെൺകുട്ടിയുടെ സഹോദരങ്ങൾ കൊച്ചിയിൽ പണിക്കു പോയപ്പോഴാണ് പീരുമേട് സ്വദേശിയായ അജയുമായി സൌഹൃദത്തിലായത്. അടുപ്പം വളർന്നപ്പോൾ, പെൺകുട്ടിയുടെ വീട്ടിലും പ്രതി എത്തിയിരുന്നു. പിന്നാലെയാണ് 14 കാരിയുമായി സൌഹൃദത്തിലായതും, പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതും. ബൈക്ക് മോഷണത്തിൽ വിദ്ഗ്ധനായ പ്രതി കളമശ്ശേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പല സ്റ്റേഷനുകളിലും അജയ്ക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Posts

Leave a Reply