കോഴിക്കോട്: വെള്ളം നിറഞ്ഞ് കുത്തിയൊഴുകുന്ന പുഴയിലൂടെ സ്പീഡ് ബോട്ടില്‍ ചീറിപ്പാഞ്ഞ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. തലകീഴായി മറിഞ്ഞ ബോട്ടില്‍ പിടിച്ച് പുഴയിലൂടെ ഒഴുകിയ യുവാക്കളെ ഒടുവില്‍ പാലത്തിന് മുകളില്‍ കൂടിയ നാട്ടുകാര്‍ കയര്‍ താഴേക്ക് എറിഞ്ഞുനല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വെസ്റ്റ് കൊടിയത്തൂര്‍ ഭാഗത്തുള്ള തൂക്കുപാലത്തില്‍ തട്ടിയാണ് ബോട്ട് മറിഞ്ഞതെന്നാണ് യുവാക്കള്‍ നാട്ടുകാരോട് പറഞ്ഞത്. തങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതാണെന്നും ഇവര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇരുവരുടെയും വാദങ്ങള്‍ തള്ളിക്കളഞ്ഞു. അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് ഇവര്‍ ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെ പുഴയിലൂടെ വേഗതയില്‍ പോകുന്നതും കറങ്ങിത്തിരിയുന്നതും ശ്രദ്ധയില്‍പ്പെട്ടതായും രക്ഷാപ്രവര്‍ത്തിനത്തിന് പോവുകയാണെന്ന വാദം തെറ്റാണെന്നും നാട്ടുകാര്‍ പറഞ്ഞു.