കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ പ്രതിയുടെ സസ്പെൻഷൻ നീട്ടി. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനാണ് പ്രതി ശശീന്ദ്രന്റെ സസ്പെൻഷൻ കാലാവധി നീട്ടിയത്. ആറുമാസത്തെ സസ്പെൻഷൻ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു.
മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരുന്നത്.
ശശീന്ദ്രനെതിരെയും മൊഴിമാറ്റാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് എതിരെയും പൊലീസ് നേരത്തേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു.
ഇതിനിടെ അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്ക്കെതിരെ അതിജീവിത പരാതി നല്‍കിയിരുന്നു. വൈദ്യപരിശോധന നടത്തിയ കെ വി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമായിരുന്നു അതിജീവിതയുടെ പരാതി. കെ വി പ്രീതയുടെ ഉള്‍പ്പടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും രേഖപ്പടുത്തിയിരുന്നു.
എന്നാൽ കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് എസിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അതിജീവിതയുടെ പരാതി തള്ളിയിരുന്നു. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ റിപ്പോര്‍ട്ടില്‍ വീഴ്ചയില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൈനക്കോളജിസ്റ്റ് രേഖപ്പെടുത്തിയത് അവരുടെ നിഗമനങ്ങളാണ്. കെ വി പ്രീത അട്ടിമറി നടത്തിയിട്ടില്ല. അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.