Kerala News

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല. തെരച്ചിൽ താൽക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചിൽ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തുക.

തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഏറ്റുമുട്ടിയത്. പരുക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു.

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്.

റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയെങ്കിലും ആനയെ കണ്ടെത്താനായില്ല.

Related Posts

Leave a Reply