കോട്ടയത്ത് വിജയപുരം പഞ്ചായത്തിൽ കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർഗന്ധവും. ആരോഗ്യവിഭാഗം പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു. പഞ്ചായത്തിലെ 13-ാം വാർഡിലെ ആറു കിണറുകളിലാണ് പച്ച നിറത്തിലുള്ള വെള്ളം കണ്ടെത്തിയത്. ഇന്നലെ കടുംപച്ച നിറത്തിലുണ്ടായിരുന്ന വെള്ളം ഇന്ന് ഇളം പച്ചനിറത്തിലായി. നിറവ്യത്യാസത്തിനൊപ്പം ദുർഗന്ധവും ഉയർന്നു. കിണറിലെ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. ശുദ്ധജലം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതർ വേണ്ട നടപടികൾ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശമായതിനാൽ മാലിന്യം കലാരാനുള്ള സാധ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു. അറിയിപ്പ് ഉണ്ടാകുന്നതുവരെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് ജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.