Kerala News

കോട്ടയത്ത് അക്രമിയെ പിടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കോട്ടയത്ത് അക്രമിയെ പിടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദ് ആണ് മരിച്ചത്. ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി, നിലത്തു വീണ ഉദ്യോഗസ്ഥനെ ചവിട്ടി പരുക്കേല്‍പ്പിച്ചു. തളര്‍ന്നു വീണ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശിയായ ജിബിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി സിപിഒ ശ്യാമപ്രസാദ് തെള്ളകത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അവിടെ വച്ച് ഒരു സംഘര്‍ഷം കാണുന്നത്. തട്ടുകട നടത്തുന്നയാളോട് ജിബിന്‍ കയര്‍ക്കുന്നതിനിടെ കടക്കാരന്‍ ഇതൊരു പൊലീസുകാരനാണെന്ന് അറിയിക്കുന്നു. ഇതേത്തുടര്‍ന്ന് ജിബിന്‍ കൂടുതല്‍ പ്രകോപിതനാകുകയും പൊലീസുകാരനാണെങ്കില്‍ എന്തുചെയ്യുമെന്ന് ചോദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജിബിനും ശ്യാമപ്രസാദും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത് ഉന്തും തള്ളുമായി മാറിയ വേളയില്‍ ശ്യാമപ്രസാദ് താഴെ വീഴുകയും ഉടന്‍ ജിബിന്‍ ശക്തമായി ചവുട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.ഉടന്‍ പ്രദേശത്ത് നൈറ്റ് പട്രോളിംഗ് നടത്തിയിരുന്ന പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി ശ്യാമപ്രസാദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി തന്നെ പ്രതിയെ പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

Related Posts

Leave a Reply