കോട്ടയം വെള്ളൂരിൽ കുറുവാ സംഘം എത്തിയതായി പോലീസിന് സൂചന. ഇവർ വെള്ളൂരിൽ ഒളിത്താവളത്തിൽ കഴിയുന്നതായി പോലീസിനു വിവരം ലഭിച്ചു. വെള്ളൂരിൽ ഇവർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വൈക്കത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ്. എന്നാൽ കുറുവാ സംഘം എത്തി മോഷണം നടത്തിയതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല.
വെള്ളൂരിലെ പ്രധാനപ്പെട്ട കവലയിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആലപ്പുഴയിലും എറണാകുളത്തും കുറുവാ സംഘത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരുന്നു. അതിനാൽ സമീപജില്ലകളിലേക്ക് കുറുവാ സംഘം കടക്കാനുള്ള സാധ്യതയുണ്ട്. ഇത് മനസിലാക്കിയാണ് സമീപ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് തുടങ്ങിയത്.
വെള്ളൂരിൽ കണ്ടത് കുറുവാ സംഘം മോഷണ സമയത്ത് ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചെത്തിയ ആളെയാണ്. ഇത് കുറുവാ സംഘത്തിൽപ്പെട്ട് ആളാണെന്ന് പൊലീസ് ഏകദേശം സ്ഥിരീകരിക്കുന്നുണ്ട്. ആലപ്പുഴയിൽ വിവിധയിടങ്ങളിലെത്തിയ കുറുവാ സംഘത്തിൽപ്പെട്ട ആളുടെ രൂപസാദൃശ്യം വെള്ളൂരിലെത്തിയ ആളെന്ന് പൊലീസ് പറയുന്നു.
അതേസമയം കുറുവ ഭീതിയെ തുടർന്ന് കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചത്. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭയെ സമീപിച്ചിരുന്നു.കുറുവ സംഘത്തിൽപ്പെട്ട സന്തോഷ് സെൽവം കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ തന്നെയാണ് താമസിക്കുന്നത്.