കോട്ടയം പൂഞ്ഞാറിൽ പള്ളിമുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എപി വിഭാഗം സമസ്ത മുഖപത്രം സിറാജിൻ്റെ എഡിറ്റോറിയൽ. മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയാണ്. പ്രസ്താവന തിരുത്തണം. കുറ്റകൃത്യങ്ങൾക്ക് മതഛായ നൽകുന്നത് നാടിനെ അരക്ഷിതമാക്കുമെന്നും എഡിറ്റോറിയലിൽ പറയുന്നു.
കേരള മുഖ്യമന്ത്രിയെ പോലെ പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയിൽ നിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടായിക്കൂടാ എന്ന് എഡിറ്റോറിയലിൽ മുന്നറിയിപ്പ് നൽകുന്നു. സംഘപരിവാറിനെ മൂലക്കിരുത്താൻ ബാധ്യതപ്പെട്ടവരാണ് കേരളത്തിലെ ഇടത് ഐക്യമുന്നണി. ഓരോ വാക്കിലും സൂക്ഷ്മത ഉണ്ടാകണം. വിഷയത്തിൽ പൊലീസ് പക്ഷപാത നിലപാടാണ് സ്വീകരിച്ചത്. അത് ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നും എഡിറ്റോറിയൽ പറയുന്നു.
സമസ്തയുടെ മുഖപത്രം സുപ്രഭാതവും എഡിറ്റോറിയലിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു. അതിക്രമത്തെ മതം നോക്കി വിലയിരുത്തിയ മുഖ്യമന്ത്രി മതേതതര കേരളത്തെ അമ്പരപ്പിച്ചു. മതം നോക്കി ഇടപെടുന്ന വർഗീയവാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി താഴ്ന്നവെന്ന് മുഖപത്രത്തിൽ വിമർശനം. മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റി എന്ന തലക്കെട്ടോടെയായിരുന്നു വിമർശനം.