കോട്ടയം: നഗരസഭയിൽ സാമ്പത്തിക തിരിമറി നടത്തിയ അഖിൽ സി വർഗീസിന് സസ്പെൻഷൻ. നിലവിൽ വൈക്കം നഗരസഭയിലെ ക്ലർക്കാണ് അഖിൽ. മൂന്ന് കോടിയിലേറെ രൂപയാണ് അഖിൽ തട്ടിയെടുത്തത്. കോട്ടയം നഗരസഭയിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു സംഭവം. നഗരസഭ ഫണ്ടിൽ നിന്നും പരിശോധനയിൽ ഇത് ബോധ്യപ്പെട്ടതോടെ ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ അപാകതകൾ ബോധ്യപ്പെട്ടതോടെയാണ് നടപടി.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിശദമായി നഗരസഭയിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ സംഭവത്തിന് പിന്നാലെ ഒളിവിൽ കഴിയുന്ന അഖിലിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതി അഖിൽ സി വർഗീസിൻ്റെ കൊല്ലത്തെ വീട് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിക്കും. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. പണമിടപാട് രേഖകൾ അടക്കമുള്ളവ വിശദമായി തന്നെ പരിശോധിക്കും. നേരത്തെയും ഇയാൾ സാമ്പത്തിക തിരിമറി കേസിൽ നടപടി നേരിട്ടിട്ടുണ്ടെന്നാണ് വിവരം. അതിനിടെ സംഭവത്തിന് പിന്നാലെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.