കോട്ടയം: തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കിൽ വേഗതയിലെത്തിയ സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞ് അപകടം. നാല്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെയായിരുന്നു അപകടം. തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനിൽ വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് തലകീഴായി മറിയുകയായിരുന്നു. സ്ഥലത്ത് നിന്നും ബസ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കാൻ മെഡിക്കൽ കോളേജിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വൈക്കം എം എൽ എ സി കെ ആശ അറിയിച്ചു