കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ വാഴകർഷകർക്ക് ഭീഷണിയായി പിണ്ടിപ്പുഴു ആക്രമണം. പല കർഷകരുടേതായി ആയിരക്കണക്കിന് വാഴകളാണ് പുഴുവിന്റെ ആക്രമണത്തിൽ നശിച്ചത്. ഗുണനിലവാരമില്ലാത്ത വിത്തുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകർ പറയുന്നത്
കുലയ്ക്കാറായ വാഴകളാണ് വെട്ടിക്കളയുന്നത്. നിയന്ത്രിക്കാൻ കഴിയാത്തത്ര ശല്യമായിക്കഴിഞ്ഞു പിണ്ടിപ്പുഴുക്കൾ. പാമ്പാടി സ്വദേശിയായ എബി ഐപ്പ് ആയിരത്തോളം വാഴതൈകളാണ് ഇത്തവണ വച്ചത്. ഭൂരിഭാഗവും പിണ്ടിപ്പുഴു ആക്രമണത്തിൽ നശിച്ചു. മുമ്പും പ്രതിസന്ധിയുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം രൂക്ഷമായത് ഇക്കൊല്ലമാണ്.
എത്തവാഴ, പാളയൻതോടൻ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിലാണ് രൂക്ഷമായ ആക്രമണം. വാഴകളുടെ വലിപ്പം കണ്ടാൽ ആക്രമണം മനസിലാവില്ലെങ്കിലും കുല മുരടിച്ച് കാമ്പില്ലാത്ത നിലയിലേക്ക് എത്തിക്കുന്നതാണ് പിണ്ടിപ്പുഴു ശല്യം. ഒരു വാഴയിൽ തുടങ്ങിയാൽ അതിവേഗം മറ്റ് വാഴകളിലേക്കും പുഴു ശല്യം പടർന്ന് പിടിക്കും. പിണ്ടിപ്പുഴു ആക്രമിച്ചാൽ വാഴക്കുലകളുടെ വലിപ്പവും കായകളുടെ എണ്ണവും കുറയും. പ്രതിസന്ധി പരിഹരിക്കാൻ കൃഷി വകുപ്പ് ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.