കോട്ടയം: എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജംഗ്‌ഷനിൽ അമോണിയം കയറ്റി വന്ന ടാങ്കർലോറി മറിഞ്ഞു. അമോണിയം തോട്ടിലേയ്ക്ക് വീണ് മീനുകൾ ചത്തു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല. സമീപത്തെ ട്രാൻസ്ഫോർമറിന് സമീപമാണ് വാഹനം മറിഞ്ഞിരിക്കുന്നത്. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. പാലാ ഭാഗത്തേയ്ക്ക് വരുകയായിരുന്ന വാഹനം തലകീഴായിട്ടാണ് മറിഞ്ഞത്. മഞ്ചക്കുഴി തോടിന് സമീപം കിണർ വെള്ളം ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നും, ആരും പരിഭ്രമിക്കേണ്ട ആവശ്യമില്ലന്നും വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയിൽ പെട്ടാൽ കിണർ തേകുകയും, ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കിണർ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
