India News

കൊള്ളപ്പലിശ നൽകിയില്ല; ബിഹാറിൽ ദളിത് യുവതിയെ നഗ്നയാക്കി മർദിച്ച് മൂത്രം കുടിപ്പിച്ചു

കൊള്ളപ്പലിശ നൽകിയില്ലെന്ന് ആരോപിച്ച് ബിഹാറിൽ യുവതിയോട് ക്രൂരത. ദളിത് യുവതിയെ നഗ്നയാക്കി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തു. ഒൻപതിനായിരം രൂപയ്ക്ക് 15000 പലിശ നൽകാത്തതിനെ തുടർന്നാണ് സംഭവം. ബിഹാർ തലസ്ഥാനമായ പട്‌നയിലാണ് ദളിത് യുവതിയെ ക്രൂരമായി മർദിച്ച് മുഖത്ത് മൂത്രമൊഴിച്ചത്. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. പട്‌ന ജില്ലയിലെ ഖുസ്‌റുപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മോഷിംപൂരിലാണ് സംഭവം നടന്നത്.

പ്രമോദ് സിങ്, മകൻ അൻഷു സിങ് എന്നിവർ ചേർന്നാണു യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്. ഏതാനും മാസങ്ങൾക്കുമുൻപ് പ്രമോദ് സിങ്ങിൽനിന്ന് ഇവർ 1,500 രൂപ കടംവാങ്ങിയിരുന്നു. ഇതു പലിശ സഹിതം തിരിച്ചുനൽകുകയും ചെയ്തു. എന്നാൽ, കൂടുതൽ പലിശ ആവശ്യപ്പെടുകയായിരുന്നു ഇയാൾ.

ഇത് തരാൻ പറ്റില്ലെന്നു വ്യക്തമാക്കിയതോടെയാണ് പ്രമോദ് ഭീഷണിയുമായി എത്തിയത്. ആൾക്കൂട്ടത്തിനു മുന്നിൽ നഗ്നയാക്കി നടത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെതിരെ യുവതി ഖുസ്‌റുപൂർ പൊലീസിൽ പരാതി നൽകുകയും ഇയാളെ ചോദ്യംചെയ്യാനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തു. പൊലീസിൽ ഹാജരായ ശേഷം പ്രമോദ് സിങ് ഒരു സംഘവുമായി അന്നുരാത്രി തന്നെ യുവതിയുടെ വീട്ടിലെത്തി.

യുവതിയെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ക്രൂരമായി മർദിച്ചു. മകൻ അൻഷു സിങ്ങിനെക്കൊണ്ട് മുഖത്ത് മൂത്രമൊഴിപ്പിച്ചു. അക്രമികളുടെ പിടിയിൽനിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Posts

Leave a Reply