പത്തനംതിട്ട: റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എഎംവിഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരെ പരാതി നല്‍കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിയെ തുടര്‍ന്ന് ഗിരീഷിനോട് ഇന്ന് എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നല്‍കി. പരാതി വ്യാജമാണെന്നും കോടതിയിൽ തുടർച്ചയായി തോൽക്കുന്നതിന്റെ പ്രതികാരമെന്നും ഗിരീഷ് പ്രതികരിച്ചു.
മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിൻ ബസ് ഉടമ ഈ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയലക്ഷ്യ ഹർജിയുമായാണ് റോബിൻ ബസ് ഉടമ ഹൈക്കോടതിയിലെത്തിയത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഹർജിയുടെ പശ്ചാത്തലത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. കേരളത്തിൽ സർവ്വീസ് നടത്തിയ റോബിൻ ബസിനെ എംവിഡി നിരവധിയിടങ്ങളിൽ തടഞ്ഞ് പരിശോധിച്ചിരുന്നു.
പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസിനെ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച ശേഷം മാത്രമാണ് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തത്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.