കൊല്ലിമൂല ഭൂപ്രശ്നത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കുടിലുകൾ പൊളിച്ചു നീക്കിയ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ടി കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സിസിഎഫിന്റേതാണ് നടപടി. ചീഫ് വൈഡ് ലൈഫ് വാർഡന്റ പ്രാഥമിക റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരാക്ഷേപമാണ് ഉയർന്നത്. ആദിവാസികളെ തിടുക്കത്തിൽ കുടിയൊഴിപ്പിച്ച് വനം വകുപ്പിന് അപമതിപ്പുണ്ടാക്കി യെന്ന് റിപ്പോർട്ടിൽ പരാമർശം.
കുടിലുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ട്. ടി കൃഷ്ണന് സംഭവിച്ചത് ഗുരുത വീഴ്ച്ചയുണ്ടായെന്ന് ചീഫ് വൈഡ് ലൈഫ് വാർഡന്റ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വനാവകാശ നിയമപ്രകാരം നൽകിയ ഭൂമിയിൽ വീട് നിർമ്മിച്ച ശേഷം വനഭൂമിയിൽ നിന്ന് ഒഴുപ്പിക്കാവുന്ന നിർദ്ദേശം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്ന് റിപ്പോർട്ടിൽ പരാമർശം. ആദിവാസികളെ കുടിയിറക്കിയത് 16 വർഷമായി താമസിക്കുന്ന ഭൂമിയിൽ നിന്നാണ്.
തോൽപ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂർ കൊല്ലിമൂലയിൽ നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെയാണ് ബദൽ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഒഴിപ്പിച്ചത്. ഇവരുടെ കുടിൽ പൊളിച്ചുമാറ്റുകയായിരുന്നു. ഭക്ഷണം പോലും ഇല്ലാതെ രാത്രി മുഴുവൻ ആനകൾ കടന്നുപോകുന്ന വഴിയിൽ ഈ കുടുംബങ്ങൾ പേടിയോടെ കഴിഞ്ഞത്.
പൊളിച്ചുമാറ്റിയ കുടിലിന് പകരം ഇന്ന് പുതിയ കുടിൽ നിർമിക്കും. അനുയോജ്യമായ സ്ഥലത്ത് പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ കുടിൽ പണിത് നൽകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. നിലവിൽ വനംവകുപ്പിന്റെ ഡോർമിറ്ററിയിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. ബദൽ ക്രമീകരണം ഒരുക്കാതെ കുടിൽ പൊളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.