Kerala News

കൊല്ലത്ത് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കെഎസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊല്ലത്ത് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. ആഷിക് ബൈജു, നെഫ്സൽ കളത്തിക്കാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്ത നടപടിക്കെതിരെ കുണ്ടറ പൊലീസ് സ്റ്റേഷൻ യൂത്ത്കോൺഗ്രസ്സ്- കെഎസ് യു പ്രവർത്തകർ ഉപരോധിച്ചിരുന്നു. ഉപരോധത്തിൽ പങ്കെടുത്ത കെഎസ് യു നേതാക്കളെ ആണ് അറസ്റ്റ് ചെയ്തത്. യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന കേസിലാണ് മുഖത്തല ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കൂടി ആയ ഫൈസൽ കുളപ്പാടത്തെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. എന്നാൽ സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാത്ത ഫൈസലിന്റെ പേര് പിന്നീട് ചേർത്തതാണെന്ന തെളിവ് യൂത്ത്കോൺഗ്രസ്‌ പുറത്തുവിടുകയും ചെയ്തു. കൊല്ലത്ത് നവ കേരള സദസിനു നേരെ കരിങ്കൊടി കാണിച്ചത്തിന്റെ പ്രതികാരം സിപിഐഎം തീർക്കുക ആണെന്നാണ് യൂത്ത്കോൺഗ്രസ്‌ ആരോപണം. അക്രമം നടന്നു അരമണിക്കൂറിനുള്ളിൽ പരിക്ക് ഏറ്റവർ ആശുപത്രിയിൽ എത്തി ഡോക്ടർക്ക് നൽകിയ മൊഴിയിൽ വെട്ടി പരിക്കേൽപ്പിച്ചത് ഒരാൾ ആണെന്ന് പറഞ്ഞിരുന്നു. ഇത് റിപ്പോർട്ടിലും വ്യക്തമാണ്‌. പക്ഷേ ആറ് മണിക്കൂർ കഴിഞ്ഞു കുണ്ടറ പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ ഫൈസൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു എന്നും കൂട്ടിചേർത്തു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസും കെ എസ് യു പ്രവർത്തകരും കുണ്ടറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്.

Related Posts

Leave a Reply