കൊല്ലം: കൊല്ലം ശൂരനാട് ക്ഷേത്രത്തിൽ ഉത്സവം കണ്ടുമടങ്ങിയ വിമുക്ത ഭടനും ഭാര്യയ്ക്കും മർദ്ദനമേറ്റു. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിക്കുമാണ് പരിക്കേറ്റത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണ് പൊലീസ്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണം. ശിവകുമാറും രജനിയും ഉത്സവം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു.
ഗതാഗത തടസം ഉണ്ടാക്കും വിധം യുവാക്കൾ വാഹനം പാർക്ക് ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. പത്ത് പേരടങ്ങുന്ന സംഘം ഇരുമ്പുവടി ഉൾപ്പെടെയുള്ള ആയുധം കൊണ്ട് മർദിക്കുകയായിരുന്നു. ശിവകുമാറിന്‍റെ തലയ്ക്ക് അടിയേറ്റു. ഇരുവരും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തേയും സമാനമായ ആക്രമണം പ്രദേശത്തുണ്ടായിരുന്നു.
പരാതി കിട്ടിയിട്ടിട്ടും പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ദമ്പതികളുടെ ആരോപണം. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് എസ്പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതാണ് അറസ്റ്റിന് തടസമെന്നാണ് പൊലീസ് വിശദീകരണം.