Kerala News

കൊല്ലം റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന, പിടികൂടിയത് 300 കിലോ പാൻമസാല

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിരോധിത പാൻമസാലാ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ 300 കിലോയോളം പാൻമസാലയാണ് പിടികൂടിയത്. എക്സൈസ് – ആർപിഎഫ് സംഘത്തിന്‍റെ സംയുക്ത പരിശോധനയിലാണ് വലിയ അളവിൽ പാൻമസാല കണ്ടെടുത്തത്. എക്സൈസ് ജില്ലാ സ്പെഷ്യൽ സ്‌ക്വാഡ്  സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കാർഡ്ബോഡ് ബോക്സിൽ ഒളിപ്പിച്ചായിരുന്നു പാൻമസാലകൾ എത്തിച്ചത്. പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ നിർമലൻ തമ്പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത് ബിഎസ്, അനീഷ് എംആർ, ജൂലിയൻ ക്രൂസ്, ബാലു എസ് സുന്ദർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം കൊല്ലം ചടയമംഗലത്ത് ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്  5 ലിറ്റർ ചാരായവും പിടികൂടി. കാർത്തികപ്പള്ളി  ഭാഗത്ത്  നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. കുമാരപുരം സ്വദേശിയും ‘ഭീകരൻ’ എന്ന് വിളിപ്പേരുള്ള ഹരികുമാറിനെയാണ്  ആലപ്പുഴ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ്. എസ് സച്ചിനും പാർട്ടിയും പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts

Leave a Reply