കൊല്ലം കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി അപകടം. തടി കയറ്റിയ ലോറി ഇടിച്ച് പൊട്ടിയ കേബിൾ വഴിയരികിൽ ഇരുചക്രവാഹനത്തിൽ ഇരിക്കുകയായിരുന്ന വീട്ടമ്മയുടെ ദേഹത്ത് കുടുങ്ങി റോഡിലൂടെ വലിച്ചെറിയുകയായിരുന്നു. വളാലിൽ മുക്ക് സ്വദേശി സന്ധ്യ (43)ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. ഭർത്താവിൻ്റെ വർക്ക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു സന്ധ്യ. ഇതിനിടെ തടി കയറ്റി വന്ന ലോറി സമീപത്തെ ഒരു വലിയ കേബിൾ പൊട്ടിച്ചു. ഈ കേബിൾ ഇവരുടെ ദേഹത്ത് വീഴുകയും 20 മീറ്ററോളം റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. കൂടാതെ ഇവർ ഇരുന്നിരുന്ന സ്കൂട്ടർ ഉയർന്നു പൊങ്ങി ദേഹത്ത് പതിക്കുകയും ചെയ്തു.
അപകട ശേഷം നിർത്താതെ പോയ ലോറി നാട്ടുകാർ തടഞ്ഞു. സന്ധ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോളെല്ലിന് പൊട്ടലുണ്ട്. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.