തൃശൂര്‍: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 9.30 നാണ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനിയായ ഇരുപതുകാരി ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മഷീജയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ ഷീജ പൊലീസിനോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുചക്രവാഹനത്തില്‍ കയറി പോകുന്ന ഐശ്വര്യയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമായി. പിന്നീട് കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ വരെ എത്തിയതായും പൊലീസ് കണ്ടെത്തി. ഇതിനിടെ കുട്ടിയെ കണ്ടെത്താന്‍ കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.