കൊല്ലം അഞ്ചലിൽ ചട്ടവിരുദ്ധമായി സ്കൂൾ കുട്ടികളെ ജീപ്പിൽ കുത്തിനിറച്ചു കൊണ്ടുപോയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ജീപ്പ് പിടികൂടിയ ശേഷം കുട്ടികളെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽവീടുകളിൽ എത്തിച്ചു. ടാക്സും ഇൻഷുറൻസും ലൈസൻസും ഇല്ലാത്ത ജീപ്പിലാണ് കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയതെന്ന് കണ്ടെത്തി. ഇരുപതോളം കുട്ടികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
കുട്ടികളെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ വീടുകളിലെ എത്തിച്ച ശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ നിർദേശം നൽകുകയും ചെയ്തു. സ്കൂൾ തുറക്കുന്നതിനു മുന്നേ തന്നെ സ്കൂൾ അധികൃതർക്കും മറ്റും വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സ്കൂൾ വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് മോട്ടോർവാഹനവകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്. വരും ദിവസങ്ങളിലും ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർ സിബു പറഞ്ഞു.
