കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം നേതാവിനെതിരെ കേസ്. കോഴിക്കോട് തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജു കളത്തിലിനെതിരെ പയ്യോളി പോലീസ് ആണ് കേസെടുത്തത്.
സിപിഐഎം 24ആം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തിക്കോടി കുറ്റിവയലില്‍ സ്ഥാപിച്ച 24 പതാകകള്‍ കഴിഞ്ഞദിവസം നശിപ്പിച്ചിരുന്നു. പതാക നശിപ്പിച്ചതിനു പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ പൊതുയോഗത്തിലാണ് തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജു കളത്തില്‍ കൊലവിളി പ്രസംഗം നടത്തിയത്. പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആരെയും വെറുതെ വിടില്ലെന്നും അരിയില്‍ ഷുക്കൂര്‍ ഈ ഭൂമുഖത്ത് ഇല്ല എന്നുള്ളത് മറക്കരുത് എന്നുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം.
പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സഹിതം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഷിജു കളത്തിലിന് പോലീസ് നോട്ടീസ് നല്‍കി. തുടര്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. കൊലവിളി പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.