ആലപ്പുഴ: കൊടും ചൂടിൽ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുകയാണ് ആലപ്പുഴ പുന്നപ്രയിലെ നാട്ടുകാർ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് പൈപ്പിൽ വെള്ളം എത്തുന്നത്. പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണിവർ. സംസ്ഥാനത്ത് തന്നെ ഉയർന്ന താപനിലയുള്ള ജില്ലകളില്‍ ഒന്നാണ് ആലപ്പുഴ. നാള്‍ക്കുനാൾ ചൂട് വർദ്ധിച്ച് വരുന്നു. ഇതിനൊപ്പമാണ് രൂക്ഷമായ കുടിവെളളക്ഷാമം. പൈപ്പുകളില്‍ വെള്ളമെത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ്. പാചക ആവശ്യത്തിന് ഉള്‍പ്പെടെ പുറത്ത് നിന്ന് വെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ചില വീടുകളില്‍ കുഴൽക്കിണറുകള്‍ ഉണ്ടെങ്കിലും ചെളി കലര്‍ന്ന് വെള്ളമാണ് മിക്കയിടത്തും കിട്ടുന്നത്. ജലജീവന്‍ മിഷന് പദ്ധതിയിലെ പൈപ്പുകള്‍ സ്ഥിരമായി തകരാറിലാവുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതായി നാട്ടുകാർ പറയുന്നു.