Kerala News

കൊച്ചി സ്പാ ആക്രമണം; സുരക്ഷക്കെത്തിയ ഗുണ്ടകൾ വില്ലന്മാരായി, ആയുധങ്ങൾ ഒളിപ്പിച്ചത് കുറ്റിക്കാട്ടിൽ

കൊച്ചി: കൊച്ചി സ്പാ ആക്രമണ കേസിലെ പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ മാരകായുധങ്ങൾ കണ്ടെത്തി. ആക്രമണത്തിന് പിന്നാലെ കുറ്റിക്കാട്ടിലാണ് പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ചത്. മദ്യലഹരിയിൽ പ്രതികൾ ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർന്നത്. കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം. പുല്ലേപ്പടി കത്രിക്കടവ് റോഡിലെ സ്പായിൽ വനിത ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കവർന്നത്. 

സ്പാ ഉടമയുടെ പരാതിയിൽ കേസെടുത്ത നോർത്ത് പൊലീസ് അതിക്രമം നടത്തിയ തൃശൂർ സ്വദേശികളായ ആകാശ്, രാകേഷ്, സിയാദ്, നിഖിൽ എന്നിവരെ തൃശൂരിലെ ഇവരുടെ താവളത്തിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നോർത്ത് സിഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് നഗരത്തിലെ കുറ്റിക്കാട്ടിൽ പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ചതായി കണ്ടെത്തിയത്. 

കൊച്ചിയിലെ ഗുണ്ട സംഘത്തിന്‍റെ പിരിവിൽ നിന്ന് രക്ഷപ്പെടാൻ സ്പാ ഉടമയായ മെജോ തന്നെയാണ് സംരക്ഷണം ആവശ്യപ്പെട്ട് പ്രതികളെ ഇവിടെ പാർപ്പിച്ചത്. എന്നാൽ മദ്യലഹരിയിൽ ഇവർ തമ്മിൽ ചില തർക്കങ്ങൾ തുടങ്ങി. തുടർന്നാണ് ഗുണ്ടാ സംഘം പതിനാറാം തീയതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഉടമയായ മെജോയെയും ജീവനക്കാരിയെയും ആക്രമിച്ചതും വിലപ്പിടിപ്പുള്ള സാധനങ്ങൾ കവർന്നതും. രണ്ടാം പ്രതിയായ അയ്യന്തോൾ സ്വദേശി രാകേഷിനെതിരെ 37 കേസുകളാണ് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് പ്രാവശ്യം കാപ്പയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Related Posts

Leave a Reply