കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നൈറ്റ് കഫേ അടിച്ചതകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച കേസില്‍ യുവതിയും സംഘവും പിടിയില്‍. പനമ്പള്ളി നഗര്‍ ഷോപ്പിംഗ് കോംപ്ലക്സിലെ സാപിയന്‍സ് കഫേയിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ സംഘര്‍ഷമുണ്ടായത്. ചങ്ങനാശേരി സ്വദേശിനി ലീന, ആദർശ് ദേവസ്യ, ഇടുക്കി കട്ടപ്പന സ്വദേശി ജെനിറ്റ്, വയനാട് കൽപറ്റ മുണ്ടേരി സ്വദേശി മുഹമ്മദ് സിനാൻ, എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. കണ്ടാലറിയാവുന്ന 4 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…
സാപിയന്‍ കഫേയിലെത്തിയ ലീന അവിടെ തന്റെ മുന്‍ സുഹൃത്തിനെ കണ്ടു. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ലീനയ്ക്കൊപ്പമുണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെ മുന്‍ സുഹൃത്ത് ലീന എത്തിയ കാറിന്റെ ചില്ല് തകര്‍ത്തു. സാപിയന്‍സ് കഫെയിലെ ജീവനക്കാര്‍ മുന്‍ സുഹൃത്തിന്റെ അടുപ്പക്കാരാണെന്ന ധാരണയില്‍ രാത്രി കൂട്ടുകാരുമായി വീണ്ടുമെത്തിയ ലീന കട തല്ലിപ്പൊളിച്ചു. ബേസ് ബോള്‍ ബാറ്റും ഇരുമ്പ് വടിയുമെടുത്ത് ജീവനക്കാരെ ആക്രമിച്ചു. സാപിയന്‍സിലെ ജീവനക്കാരനായ ഫിറോസിന്റെ തലയ്ക്ക് ഇരുമ്പ് വടിവച്ച് അടിക്കാന്‍ ശ്രമിച്ചു ഒഴിഞ്ഞുമാറിയെങ്കിലും മുഖത്തും കണ്ണിലും പരിക്കേറ്റു. കടയിലെ സാധനസാമഗ്രികളും തല്ലിത്തകർത്തു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉൾപ്പെടെ 4 പേരെ പിടികൂടുകയായിരുന്നു. മറ്റുള്ളവർ കടന്നുകളഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.