കൊച്ചി: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍. ആലുവ, ഇടപ്പള്ളി തുടങ്ങിയ ഇടങ്ങളിലാണ് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി എത്തിയത്. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ആലുവ എടയാറിലാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേരാണ് കനത്ത ചൂടില്‍ വൈദ്യുതി മുടങ്ങിയതോടെ പ്രതിഷേധവുമായെത്തിയത്. കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചാലും ആരും ഫോണ്‍ എടുക്കാറില്ലെന്നും റിസീവര്‍ മാറ്റിവെക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
പാലാരിവട്ടം കെഎസ്ഇബി ഓഫീസിലേക്കും നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഇടപ്പള്ളി മഠം ജങ്ഷന്‍, മൈത്രി നഗര്‍, കലൂര്‍, കറുകപ്പിള്ളി, പോണേക്കര തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെഷന്‍ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. വൈദ്യുതിബന്ധം പുനസ്ഥാപിക്കാതെ വീടുകളിലേക്ക് തിരിച്ചുപോകില്ലെന്നായിരുന്നു ജനങ്ങളുടെ നിലപാട്. ഇതോടെ പൊലീസും സ്ഥലത്തെത്തി.