കൊച്ചിയിലെ ആഘോഷരാവുകൾ കളറാക്കാൻ ലഹരി വേണ്ടെന്ന് പൊലീസ്സിറ്റിയുടെ എല്ലാഭാഗത്തും ലഹരിക്കെതിരെയുള്ള പരിശോധന കർശനമാക്കും ഇതിനായി ഉദ്യോഗസ്ഥരുടെ 12 പേരടങ്ങുന്ന സ്ക്വാർഡുകളെയാണ് പുതിയതായി നിയമിച്ചിട്ടുള്ളത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി.
ലഹരിക്കച്ചവടക്കാരെ കരുതൽ തടങ്കലിലാക്കും.നിലവിൽ ഏഴ് പേരെയാണ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. 12 പേരെ കരുതൽ തടങ്കലിലാക്കാൻ ഇതിനകം തന്നെ നടപടി തുടങ്ങിയിട്ടുണ്ട്. പുതുവത്സരാഘോഷം വരെ കൊച്ചിയിൽ പൊലീസ് പരിശോധന കർശനമാക്കാനാണ് തീരുമാനം. മാത്രമല്ല ബാംഗളൂരിൽ നിന്നും കൊച്ചിയിലേക്ക് ലഹരി എത്തിക്കുന്നതും ലഹരി പാർട്ടികൾ നടത്തുന്നതും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഒരു കാരണവശാലും ഇത്തരം പാർട്ടികൾ കൊച്ചിയിൽ വെച്ച് നടക്കാൻ അനുവദിക്കില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിൽ തന്നെ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന പുതുവത്സരാഘോഷം നടക്കുന്ന നഗരമാണ് കൊച്ചി. കഴിഞ്ഞ കുറച്ചു നാളുകളായി കൊച്ചിയിലെ പുതുവർഷ ആഘോഷങ്ങളെ ലക്ഷ്യമിട്ടുതന്നെയാണ് ലഹരി മാഫിയ മുന്നൊരുക്കങ്ങൾ നടത്തുന്നത്. പുതുവർഷത്തിരക്കിൽ ഏറ്റവും വേഗത്തിൽ സുരക്ഷിതമായി ലഹരിക്കച്ചവടം നടത്താനുള്ള ഇടമായി കൊച്ചിയെ പല ലഹരി മാഫിയകളും മാറ്റിയിരിക്കുന്നു. ബാംഗ്ലൂരിൽ നിന്ന് പലരിലൂടെ എത്തിച്ച ലഹരി മരുന്നുകൾ പുതുവർഷ ആഘോഷത്തിനു വേണ്ടി കരുതി വെച്ചിരിക്കുകയാണ് ലഹരി മാഫിയ, മൂന്നുലഹരി പാർട്ടികൾ എങ്കിലും മിനിമം കൊച്ചിയിൽ നടക്കുമെന്ന് പറയുന്നത് ലഹരി കടത്തുകാർ തന്നെയാണ് ഈ സാഹചര്യത്തിലാണ് പൊലീസിന്റെ കർശന നടപടികൾ.