കൊച്ചിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ജിസിഡിഎ സൈറ്റ് എഞ്ചിനിയർക്ക് സസ്പെൻഷൻ. എസ്.എസ് ഉഷയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കരാറിലെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘാടകരായ മൃദംഗ വിഷന് ഉണ്ടായത് ഗുരുതര പിഴവാണെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനം. ജിസിഡിഎ സെക്രട്ടറിക്ക് അന്വേഷണ ചുമതല. അതേസമയം പരിപാടിക്ക് അനുമതി നൽകരുതെന്ന് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചിട്ടും, അത് മറികടന്നാണ് ചെയർമാൻ കെ ചന്ദ്രൻപിള്ള അനുമതി നൽകിയതെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. എന്നാൽ കാര്യകാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ച പരിപാടിക്കാണ് ചെയർമാനിടപ്പെട്ട് പ്രത്യേക അനുമതി നൽകിയത്.
ചെയർമാൻ അനുമതി നൽകിയതിന് പിന്നാലെ മൃദംഗ വിഷൻ ജിസിഡിഎയുടെ അക്കൗണ്ടിൽ 13ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. പോലീസിന്റെയോ ഫയർഫോഴ്സിന്റെയോ കൊച്ചി കോർപ്പറേഷന്റെയോ അനുമതി നേരിടും മുമ്പാണ് ഒറ്റ ദിവസം കൊണ്ട് സംഘാടകർക്ക് ദ്രുതഗതിയിൽ അനുമതി ലഭിച്ചത്. കായികേതേര പരിപാടികൾക്ക് സ്റ്റേഡിയം നല്കരുതെന്ന് നിയമമില്ലെന്നും, ഉദ്യോഗസ്ഥർ പറയുന്നത് മാത്രം കേൾക്കാനല്ല ഭരണസമിതിയല്ലെന്നുമായിരുന്നു ചെയർമാൻ കെ ചന്ദ്രൻപിള്ളയുടെ പ്രതികരണം.
മൃദംഗാ വിഷനെ ന്യായീകരിച്ച ജിസിഡിഎ ചെയർമാൻ, സംഘാടകർ ചെയ്തത് നല്ല കാര്യമെന്നും, ഫുട്ബോൾ ടർഫിൽ നർത്തകർ കയറിയില്ലെന്നും പറഞ്ഞു. സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല എന്ന് പറഞ്ഞ കൊച്ചി മേയർ എന്തിന് ഒരാളെ സസ്പെന്റ് ചെയ്തുവെന്നും കെ ചന്ദ്രൻ പിള്ള പറഞ്ഞു.