Kerala News

കൊച്ചിയില്‍ അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായുള്ള പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ആരോപണ വിധേയര്‍

തൈക്കുടം: കൊച്ചിയില്‍ അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായുള്ള പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ആരോപണ വിധേയര്‍. അമ്മയെ വീട്ടിൽ കയറ്റുന്നില്ലെന്ന പ്രചാരണത്തിന് പിന്നിൽ യുഡിഎഫ് എന്നാണ് കൊച്ചി തൈക്കൂടം സ്വദേശി ജിജോ വിദ്യാധരൻ ആരോപിക്കുന്നത്. തന്‍റേത് സിപിഎം കുടുംബമായതിനാൽ തൃക്കാക്കര എംഎൽഎ ഇടപെട്ടാണ് ഏകപക്ഷീയമായി ആർഡിഒ ഉത്തരവ് വരുത്തിച്ചതെന്നും ആരോപണവിധേയയായ ജിജോയും മകൾ അതുല്യയും പറയുന്നു.

മൂത്തമകളായ ജിജോ തന്നെ പുറത്താക്കി വീട് പൂട്ടി പോയെന്ന് 78കാരി ആരോപിച്ചതിന് പിന്നാലെയാണ് മറുപടിയുമായി ഇവരെത്തിയത്. യുഡിഎഫ് എംഎൽഎ ഉമ തോമസ്സിന്‍റെ നേതൃത്വത്തിൽ തൈക്കൂടത്തെ വിട്ടുമുറ്റത്ത് നടന്ന പ്രതിഷേധത്തിനെതിരെയും കടുത്ത വിമർശനം ഉന്നയിക്കുകയാണ് ജിജോയും മക്കളും. അമ്മയെ നല്ല രീതിയിലാണ് താൻ നോക്കുന്നത്. അമ്മയെ കൊണ്ട് നിർബന്ധിച്ച് ചിലർ തനിക്കെതിരെ പരാതി കൊടുപ്പിച്ചു. എന്നാൽ ഉമ തോമസ് എംഎൽഎ ഉൾപ്പടെയുള്ളവർ വാസ്തവം അന്വേഷിക്കാതെ ഗുണ്ടാ ആക്രണം നടത്തുന്ന രീതിയിൽ അതിക്രമിച്ച് കയറി. അമ്മയെ മകള്‍ വീട്ടില്‍ നിന്നിറക്കി വിട്ടുവെന്ന് പ്രചരിപ്പിച്ച് തൈക്കൂടത്തുള്ള വീട് കുത്തിപ്പൊളിച്ചാണ് അകത്തുകയറിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിജോയും മക്കളും വിശദമാക്കി.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള എംഎൽഎയുടെ നടപടിയാണ് ഇതെന്നാണ് ജിജോയുടം കുടുംബം ആരോപിക്കുന്നത്. മൂന്ന് സ്ത്രീകളെ മോശപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ പ്രചാരണമെന്നും ജിജോയുടെ മകൾ പ്രതികരിക്കുന്നു. ആർഡിഒ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് എംഎൽഎ എത്തിയത്. എന്നാൽ ഏകപക്ഷീയമായ ഉത്തരവ് വ്യാജമെന്ന് സംശയിക്കുന്നതായും ജിജോ പറയുന്നു. അതേസമയം പൂട്ടുപൊളിച്ച് വീട്ടിനകത്ത് കയറിയ സരോജിനി അമ്മ വീട്ടിൽ നിന്ന് ഇനി എങ്ങോട്ടും പോകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ്.

Related Posts

Leave a Reply