Kerala News

കൈവെട്ട് കേസ് പ്രതി സവാദിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഭാര്യ പിതാവിന് അറിയാമായിരുന്നു; വിവരങ്ങൾ തേടി അന്വേഷണ സംഘം

കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഭാര്യ പിതാവിന് അറിയാമായിരുന്നുവെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ബന്ധുക്കൾ എതിർത്തിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്ന് സവാദിന്റെ ഭാര്യയുടെ മൊഴി. കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് പിതാവ് പറഞ്ഞുവെന്നും മൊഴിയിൽ പറയുന്നു. പൊലീസിനോടാണ് സവാദിന്റെ ഭാര്യ ഈ കാര്യം വെളിപ്പെടുത്തിയത്.

കർണാടക ഉള്ളാളിലെ ദർഗയിൽ വെച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നും, മുൻകാല കാര്യങ്ങൾ അറിയില്ല എന്നുമായിരുന്നു സവാദിന്റെ ഭാര്യ പിതാവ് അബ്ദുറഹ്മാന്റെ പ്രതികരണം. അബ്ദുറഹ്മാന് എസ് ഡി പി ഐ ബന്ധമുണ്ടെന്ന് നേരെത്തെ വ്യക്തമായിരുന്നു. അതേസമയം സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടതെന്നും ഇയാളെ കുറിച്ചുള്ള മറ്റ് കാര്യങ്ങൾ അറിഞ്ഞത് പിടിയിലായതിന് ശേഷമാണെന്നും ഭാര്യ പറഞ്ഞു.

കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമാണ്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരിൽ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. കേരളത്തിൽ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് സവാദ് കുടുങ്ങിയത്. സവാദ് ഫോൺ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എൻഐഎ പറയുന്നു. തുടർച്ചയായി സിംകാർഡുകൾ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയിൽ ബന്ധപ്പെട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല. സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നെന്ന ഭാര്യാ പിതാവിന്റെ നിലപാട് തെറ്റെന്ന് ഏജൻസി പറയുന്നു. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം എസ്ഡിപിഐ നേതാക്കളിലേക്കും വ്യാപിപ്പിച്ചു.

Related Posts

Leave a Reply