Kerala News

കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയെടുത്തത് സിപിഐഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍.

എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയെടുത്തത് സിപിഐഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍. എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറിയും പരിയാരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ ക്ലാര്‍ക്കുമായ പി ആര്‍ ജിതേഷാണ് വകുപ്പ് തല അന്വേഷണ സംഘത്തിന്റെ യോഗത്തിലുള്‍പ്പടെ പങ്കെടുത്തത്. ടി വി പ്രശാന്തനെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ആശുപത്രിക്കുള്ളിലേക്ക് കടക്കാന്‍ സഹായിച്ചതും ജിതേഷ് ആണോ എന്ന് സംശയവും ഉയരുന്നു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരിട്ടപെട്ടാണ് പ്രശാന്തന്റെ മൊഴിയെടുക്കാനും പരിയാരം മെഡിക്കല്‍ കോളേജിയില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ ഐഎഎസ് ഉള്‍പ്പടെയുള്ള സംഘത്തെ നിയോഗിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ വിശ്വനാഥനും ഇവരോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി. അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗം ചേര്‍ന്നത് എന്‍ ജി ഒ യൂണിയന്‍ നേതാവിന്റെ സാന്നിധ്യത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

എന്‍ ജി ഒ യൂണിയന്‍ ഏരിയ സെക്രട്ടറി മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു.ടി വി പ്രശാന്തനെ ചോദ്യം ചെയ്തതും എന്‍ ജി ഒ യൂണിയന്‍ നേതാവിന്റെ സാന്നിധ്യത്തില്‍. ടി വി പ്രശാന്തനെ ആശുപത്രിയ്ക്കുള്ളില്‍ സംരക്ഷിക്കാന്‍ എന്‍ ജി ഒ യൂണിയന്‍ ശ്രമിച്ചെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ നീക്കങ്ങള്‍.

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട്, എഡിഎം കെ നവീന്‍ ബാബു കാലതാമസം വരുത്തിയെന്നും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി നല്‍കിയെന്നും ആണ് ടി വി പ്രശാന്തന്റെയും പി പി ദിവ്യയുടെയും പരാതി. എന്നാല്‍ പരാതി പൂര്‍ണ്ണമായും തള്ളുന്നതാണ് പുറത്തുവരുന്ന രേഖകള്‍.

Related Posts

Leave a Reply