Kerala News

കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്‍റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയിൽ കോര്‍ത്ത നിലയിലാണ് മൃതദേഹം. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഗേറ്റിന് മുകളിലായുള്ള കമ്പിയിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്.

സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്‍റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സിസിടിവി ഉള്‍പ്പെടെ ഇല്ല.

രാത്രിയിൽ ആളുകളെ ഇവിടേക്ക് കയറ്റാറില്ല. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൊച്ചി ഡിസിപി കെഎസ് സുദര്‍ശൻ പറഞ്ഞു.മംഗളവനം പക്ഷി സങ്കേതത്തിലെ സംരക്ഷിത മേഖലയിലാണ് സംഭവം. രാവിലെ ആളുകള്‍ നടക്കാനിറങ്ങുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

Related Posts

Leave a Reply