തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവത്തിനിടയിൽ നടന്ന സംഘർഷത്തിന് പിന്നിൽ എസ്എഫ്ഐയുടെ തമ്മിൽത്തല്ല് എന്ന് ആരോപണം. സംഘർഷത്തിന് പിന്നിൽ പാളയം എസ്എഫ്ഐ ഏരിയ കമ്മിറ്റിയാണെന്നാണ് സംഘടന ജില്ലാ കമ്മിറ്റിയുടെ വിമർശനം. കമ്മിറ്റിയെ നിയന്ത്രിക്കുന്നത് കത്തിക്കുത്ത് കേസിലെ പ്രതിയടക്കമുള്ള ഗുണ്ടാ സംഘമെന്നും ജില്ലാ കമ്മറ്റി യോഗത്തിൽ പറഞ്ഞു. സംഘർഷത്തിന് പിന്നാലെ ചേർന്ന എസ്എഫ്ഐ ജില്ലാ കമ്മറ്റി യോഗത്തിലാണ് വിമർശനം ഉയർന്നത്. കലോത്സവത്തിൽ രണ്ടു മത്സരങ്ങൾ റദ്ദ് ചെയ്തുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ യുണിവേഴ്സിറ്റി കോളേജ് യൂണിറ്റ് നേതൃത്വം നൽകുന്ന പാളയം ഏരിയ കമ്മിറ്റി എതിർത്തിരുന്നു. മൂന്നാമത് ഒരു മത്സരം കൂടി റദ്ദാക്കണം എന്നായിരുന്നു പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരസിച്ച യുണിവേഴ്സിറ്റിയിലെ ഡി എസ്എസിനെ എസ്എഫ്ഐ പാളയം ഏരിയ കമ്മിറ്റിയംഗങ്ങള്‍ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഘർഷം തടയാൻ ശ്രമിച്ച യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെയും ജില്ലാ കമ്മിറ്റി അംഗങ്ങളെയും എസ്എഫ്ഐ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മർദ്ദിക്കുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീയും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ പാളയം ഏരിയ കമ്മിറ്റിക്ക് എതിരെ നടപടി വേണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.