ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകമായ സാൾട്ട് ലൈക്ക് സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ലഭിച്ച നിർണ്ണായക പെനാൽറ്റി സേവ് ചെയ്ത് ഗോൾ കീപ്പർ സച്ചിൻ സുരേഷാണ് ബ്ലാസ്റ്റേഴ്സ് വിജയത്തിൽ വലിയ പങ്കുവഹിച്ചത്. ഈസ്റ്റ് ബംഗാളിനായി ആശ്വാസ ഗോള്‍ നേടിയത് ക്ലീറ്റൺ സിൽവയാണ്.
ദെയ്‌സുകേ സകായും ദിമിത്രി ഡയമന്റക്കോസുമാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. മത്സരത്തിന്റെ 36ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ നിന്നാണ് സകായ് വലകുലുക്കിയത്.
ഗോൾമടക്കാനുള്ള ഈസ്റ്റ് ബംഗാളിന്‍റെ രണ്ടാം പകുതിയിലെ ശ്രമം 85ാം മിനിറ്റിൽ പെനാൽറ്റിയിൽ കലാശിച്ചു. എന്നാല്‍ ക്ലീറ്റൺ സിൽവയെടുത്ത പെനാൽറ്റി ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് തടഞ്ഞു. ഫൗൾ വിളിച്ചതോടെ വീണ്ടും ഈസ്റ്റ് ബംഗാളിന് പെനാൽറ്റി കിട്ടി. പക്ഷെ ഇക്കുറിയും സച്ചിന്റെ പ്രതിരോധം ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചു.
മത്സരത്തിന്റെ 88 ാം മിനിറ്റിലായിരുന്നു ഡയമന്‍റക്കോസിന്‍റെ ഗോൾ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ഇരിക്കേ ഈസ്റ്റ് ബംഗാളിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചു. ഇക്കുറി സിൽവ ഗോൾവല കുലുക്കുക തന്നെ ചെയ്തു. എന്നാൽ ബംഗാളിന് ജയിക്കാൻ അത് പര്യാപ്തമല്ലായിരുന്നു.