Kerala News

കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത, ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: വീണ്ടും കള്ളകടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, തമിഴ്‌നാട് തീരങ്ങളിലാണ് പ്രതിഭാസം ഭീഷണിയാകാന്‍ സാധ്യതയെന്ന് അറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരള തീരത്തടക്കം ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരള തീരത്തും, തെക്കന്‍ തമിഴ്നാട്, വടക്കന്‍ തമിഴ്നാട് തീരങ്ങളില്‍ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ കേരള തീരത്തും തെക്കന്‍ തമിഴ്നാട്, വടക്കന്‍ തമിഴ്നാട് തീരങ്ങളിലും നാളെ പുലര്‍ച്ചെ 2.30 മുതല്‍ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന മുന്നറിയിപ്പും തീരദേശ വാസികള്‍ക്ക് നല്‍കിയിട്ടുണ്ട്.

മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശവുമുണ്ട്.

എന്താണ് കള്ളക്കടല്‍?

അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതാണ് കള്ളക്കടല്‍. സുനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാല്‍ സുനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും പറ്റില്ല. എന്താണ് കള്ളക്കടല്‍ പ്രതിഭാസമെന്ന് ആദ്യം നോക്കാം. അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണഫലമായോ ആണ്.

അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തിരമാലകള്‍ ആഞ്ഞടിക്കും. അവിചാരിതമായും അസാധാരണവുമായാണ് തിരമാലകള്‍ തീരത്തെത്തുക. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നാണ് ശക്തമായ തിരമാലകളുണ്ടാവുന്നത്. സുനാമിയുമായി സമാനതകളുണ്ട് ഈ കള്ളക്കടല്‍ പ്രതിഭാസത്തിന്. സുനാമിയുടെ സമയത്ത് തീരം ഉള്ളിലോട്ട് വലിഞ്ഞ ശേഷം തിരമാലകള്‍ അടിച്ചുകയറുകയാണ് ചെയ്യുന്നത്.

Related Posts

Leave a Reply