Kerala News

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ; മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെ

വയനാട് ദുരന്തത്തിൽ കനത്ത മഴയിലും രക്ഷാ ദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. മരണം 184 ആയി ഉയര്‍ന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 184 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു.
ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 227 പേരെ കാണ്മാനില്ല. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്. തെരച്ചിൽ അതീവ ദുഷ്കരമാക്കുന്നത് ചെളിമണ്ണും കൂറ്റൻ പാറക്കെട്ടുകളുമാണ്. ചെളി നിറഞ്ഞതിനെ തുടർന്ന് മണ്ണിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.ബെയിലി പാലം നിർമാണം ഇന്ന് പൂർത്തിയാകില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചു. പാലത്തിന്റെ നിർമാണം നാളെ മാത്രമേ പൂർത്തിയാകൂ. മുണ്ടക്കൈയിൽ തെരച്ചിൽ ഇനിയും വൈകും. തെരച്ചിലിനായി മണ്ണുമാന്തി അടക്കം യന്ത്രങ്ങൾ എത്തുന്നത് വൈകുമെന്ന് അധികൃതർ അറിയിക്കുന്നു.

ഇന്ന് രാവിലെ ആറ് മണിമുതൽ സൈന്യം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ചൂരൽ മലയിൽ 4 സംഘങ്ങളായി തിരിഞ്ഞ് 150 സൈനികരാണ് രക്ഷാദൗത്യം തുടർന്നു കൊണ്ടിരിക്കുന്നത്.

Related Posts

Leave a Reply