Kerala News

കേരളീയത്തിന് ആശംസയുമായി താരങ്ങളും

കേരളീയത്തിന്റെ ആദ്യപതിപ്പിന്റെ ഉദ്ഘാടന വേദി താരത്തിളക്കത്താല്‍ ശ്രദ്ധേയമായി. കേരളീയം പരിപാടിക്ക് ആശംസയര്‍പ്പിച്ച് കമലഹാസനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും കേരളീയം വേദിയിലെത്തി.

മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടന്‍ മമ്മൂട്ടി. കേരള ചരിത്രത്തിലെ മഹാസംഭവമായി കേരളീയം മാറട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. കേരളത്തിന്റെ മാത്രമല്ല ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറും. രാഷ്ട്രീയം, മതം, ജാതി എന്നിവയ്ക്കതീതമായി കേരളീയരെന്ന വികാരമാണ് എല്ലാവരും പങ്കിടുന്നത്. കേരളത്തിന്റെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നതാണ് കേരളീയത്തിന്റെ സന്ദേശം. എല്ലാ വ്യത്യാസങ്ങളെയും മറികടന്ന് കേരളീയര്‍ ലോകത്തെ ശ്രദ്ധാ കേന്ദ്രമായി എല്ലാവരും ആദരിക്കുന്ന ജനതയായി മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ട് വച്ചിട്ടുള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളീയത്തിന് വേദിയാകാന്‍ തിരുവനന്തപുരം നഗരം തെരഞ്ഞെടുത്തതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെച്ചു. ഇത് തന്റെ സ്വന്തം നഗരമാണ്. ഈ നഗരത്തോളം തനിക്കു പരിചിതമായ മറ്റൊരു നഗരവുമില്ല. ഇവിടുത്തെ സംസ്‌കാരവും ഏറെ പരിചിതം. പാന്‍ ഇന്ത്യന്‍ മലയാള സിനിമകള്‍ ഇനിയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ക്ക് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരളഘടകത്തിന് മുന്‍കൈ എടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മണിച്ചിത്രത്താഴിന് ശേഷം എല്ലാവരും തമിഴത്തി എന്ന് വിളിക്കുന്ന തന്റെ നാട് തിരുവനന്തപുരം തന്നെയാണെന്ന് ശോഭന. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമൊപ്പം വളരെ മനോഹരമായി നമ്മുടെ കലാരംഗവും മുന്നേറുകയാണെന്നും ശോഭന പറഞ്ഞു. എല്ലാവരിലേക്കും എത്തപ്പെടുന്ന രീതിയില്‍ പരാമ്പരാഗത കലകളെ അവതരിപ്പിക്കുന്നതിലാണ് കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നതെന്നും ശോഭന പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങള്‍ പുതിയ തലമുറയുടെ കഴിവുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ഏറ്റവും മികച്ച പൈതൃക കലാസൃഷ്ടിയായി യുനെസ്‌കോ അംഗീകരിച്ച 2000 വര്‍ഷം പഴക്കമുള്ള കലാരൂപമായ കൂടിയാട്ടം ഇന്നും കേരളത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നും ശോഭന പറഞ്ഞു.

Related Posts

Leave a Reply