കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാനാകും.
നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷയരോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ഇപ്പോള്‍ അധികം ഉണ്ടാകാറില്ല. കാരണം, പൊതുവേ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട ഒരു രോഗമായാണ് അതിനെ നാം കണക്കാക്കുന്നത്. എന്നാല്‍ ലോകത്താകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അതല്ല സ്ഥിതി എന്നു മനസിലാക്കാന്‍ സാധിക്കും. ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനു കാരണമാകുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയരോഗം. എന്നാല്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സംസ്ഥാനത്തെ ക്ഷയരോഗ വ്യാപനം 40 ശതമാനം കുറയ്ക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ 99 ശതമാനം ജനങ്ങളേയും ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ബോധവത്ക്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കഴിഞ്ഞിട്ടുണ്ട്. ക്ഷയരോഗികള്‍ക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കല്‍, മതിയായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള കൂട്ടായ്മകള്‍ രൂപീകരിക്കല്‍, സ്വകാര്യ മേഖലയിലെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന സംവിധാനം (സ്റ്റെപ്സ്) നടപ്പിലാക്കല്‍ എന്നിവയ്ക്കു പുറമെ, ക്ഷയരോഗ സാധ്യതാ നിര്‍ണ്ണയം അടക്കമുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്.
2024ല്‍ ജനീവയിലെ സ്റ്റോപ്പ് ടിബി പാര്‍ട്ണര്‍ഷിപ്പിന്റെ നേതൃത്വത്തില്‍ 12 രാജ്യങ്ങളിലെ മെഡിക്കല്‍ അസോസിയേഷനുകളുടെ നേതാക്കള്‍ കേരളത്തിലെ സ്റ്റെപ്സ് പ്രോഗ്രാം അവലോകനം ചെയ്തിരുന്നു. കാര്യക്ഷമമായ ക്ഷയരോഗ പരിചരണം ഉറപ്പാക്കുന്നതിനുള്ള കേരളത്തിന്റെ നടപടികള്‍ ഫലപ്രദമാണെന്നും അതേ മാതൃകയില്‍ മറ്റു രാജ്യങ്ങളില്‍ അവ നടപ്പാക്കണമെന്നും അവര്‍ തീരുമാനിച്ചു. അഭിമാനകരമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.